Friday, October 2, 2009

ദൈവത്തിന്‍റെ സ്വന്തം കൂട്ടില്‍

എഴുതാന്‍ ഒന്നും ഇല്ലാത്തതു കൊണ്ട് കുറേ ദിവസമായി വെറുതേ കിടക്കുകയായിരുന്നു ബ്ലോഗ്. എലിപ്പത്തായമായിരുന്നു മനസ്സ്. ഭ്രാന്തു പിടിക്കുമെന്നു തീര്‍ച്ചയായപ്പോള്‍ നാട്ടിലേയ്ക്കു പോയി. എവിടെ പോകാന്‍ ? ആരെ കാണാന്‍? എങ്കിലും പോയി. മുപ്പത്തി അഞ്ചു കൊല്ലമായുള്ള സൌഹൃദങ്ങളിലേയ്ക്കൊരു തിരിച്ചു പോക്ക്. അവരെത്തി . ദയാപൂര്‍വ്വം. ഭാര്യമാരുടെ കണക്കെടുപ്പുകള്‍ തെറ്റിച്ച് അവര്‍ ഓടിയെത്തി. ഒന്നും മിണ്ടാതെ തന്നെ അവര്‍ സംവദീച്ചു. പിന്നെ വെറുതേ മിണ്ടിയും പറഞ്ഞും ഇരുന്നു. പുസ്തകങ്ങള്‍ വായിച്ചു. പാട്ടുകള്‍ കേട്ടു.

ഡോക്റ്റര്‍ പീ. കേ . വാര്യര്‍ പറഞ്ഞു.

“ ലൈഫ്സ്റ്റൈല്‍ ഒന്നു മാറ്റിനോക്കൂ. മരുന്നല്ല കാര്യം”

“ ഡിസംബറില്‍ ഒരുപാടു വിദേശികള്‍ വരുന്ന സമയമാണ്. നേരത്തേ റൂം ബുക്കു ചെയ്തേയ്ക്കൂ”, അഡ്മിനിസ്റ്റ്രേറ്റിവ് ഓഫീസര്‍ മുന്നറിയിപ്പു നല്‍കി.

വൈദ്യമഠം വലിയ നമ്പൂരി ഒന്നേ പറഞ്ഞുള്ളൂ.

“മരുന്നുകള്‍ നോക്കട്ടേ, പിന്നയേ കിടക്കണോ വേണ്ടയോ എന്നു തീരുമാനിക്കാന്‍ പറ്റൂ. നാടികള്‍ ഒക്കെ ക്ഷീണമായിത്തുടങ്ങും. രണ്ടാഴ്ച കഴിഞ്ഞ് ഒന്നു വിളിച്ചു പറഞ്ഞോളൂ”


എണ്‍പത്തി നാലു വയസ്സിന്‍റെ നിറവ്. ഐശ്വര്യം നിറഞ്ഞ മനസ്സ്. തീരുമാനങ്ങള്‍ സംശയമില്ലാത്ത അടക്കത്തോടെ പറഞ്ഞു കൊടുത്തു. റ്റ്രൈയ്നീ ഡോക്റ്റര്‍ കുട്ടികള്‍ പഠനക്കുറിപ്പുകള്‍ കുത്തിക്കുറിച്ചു.

സുഹൃത്തുക്കള്‍ മൊബൈല്‍ ഫോണില്‍ കുടുംബക്കാര്യങ്ങളും ഓഫീസുകാര്യങ്ങളും നടത്തുന്നതിനിടയില്‍ മരുന്നു വാങ്ങാനായി ഞാന്‍ കാത്തിരുന്നു.

ജിവിക്കാനായി, സ്വാര്‍ത്ഥതയോടെ വൈദ്യശാലകള്‍ കയറി ഇറങ്ങുമ്പോഴും തേക്കടിയില്‍ അണഞ്ഞുപോയ ജീവനുകളെക്കുറിച്ചു അറിഞ്ഞിരുന്നില്ല.

ഉല്ലാസയാത്രയ്ക്കായി ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ എത്തിയവരുടെ ദുരന്തം.


തായ്‌ലാണ്ടിലെ ഫുക്കേത്തില്‍ ഒരു മീഡിയാ സെമിനാര്‍. ഇടവേളകളില്‍ നീണ്ട ബോട്ടുയാത്രകള്‍. ബോട്ടില്‍ കയറണമെന്നുണ്ടെങ്കില്‍ ജെട്ടിക്കടുത്തുള്ള കൌണ്ടറില്‍ നിന്നും അവരവര്‍ക്കുള്ള സൈസ് അനുസരിച്ചുള്ള ലൈഫ് ജാക്കറ്റ് ഇടണം. അല്ലെങ്കില്‍ ബോട്ടില്‍ കയറ്റില്ല. പിന്നെ തിരിച്ചു വരുമ്പോള്‍ ലൈഫ് ജാക്കറ്റിട്ടു നില്‍ക്കുന്ന ഫോട്ടോ ഒരു സുവനീറാക്കി വച്ചിരിക്കുന്ന ഫോട്ടോഗ്രാഫേഴ്സ്. പതിനഞ്ചു ബാത്തുകൊടുത്താല്‍ ഫോട്ടോ സ്വന്തം. തിരിച്ചു നാട്ടിലെത്തിയപ്പോഴാണു കൊച്ചു കുഞ്ഞുങ്ങള്‍ ബോട്ടു മറിഞ്ഞു മരിച്ച സംഭവം. പറയേണ്ടവരോടൊക്കെ പറഞ്ഞു,

“ ജസ്റ്റ് മേക്ക് ഇറ്റ് കമ്പത്സറി റ്റു വേര്‍ ലൈഫ് ജാക്കറ്റ് വൈല്‍ റ്റ്രവെലിങ് ഇന്‍ ബോട്ട്സ്.”

അമ്പതോ നൂറോ രൂപകൊടുത്തു ബോട്ടുയാത്രയ്ക്കു പോകുന്നവര്‍ ഒരു അഞ്ചു രൂപാകൂടെ ലൈഫ് ജാക്കറ്റിനായി കൊടുക്കില്ലേ?

ഈ സത്യം മനസ്സിലാക്കാന്‍ സിറ്റിങ് ജഡ്ജിയും, സേതുരാമയ്യരും , ക്രൈം ബ്രാഞ്ചും ,ബോട്ട് ഇന്‍സ്പെക്ടരും ഒന്നും വേണ്ടല്ലോ.

അവര്‍ പറഞ്ഞു,“ ഇതു കേരളമാണ്. തായ്‌ലാണ്ടല്ല.”

റ്റാക്സിഡ്രൈവര്‍ന്മാര്‍ക്കും നാട്ടുകാര്‍ക്കും എല്ലാം നാച്വറല്‍ ഡിസാസ്റ്റര്‍, ക്രൈസിസ് മാനേജ്മെന്‍റ് എന്നിവയെക്കുറിച്ചു റ്റ്രൈനിങ് കൊടുക്കുന്നതിനെക്കുറിച്ചു ആലോചിച്ചും പഠിച്ചും കൊണ്ടിരിക്കുന്ന ബിനോയ് വിശ്വവും, കോടിയേരിയും, ചെറിയാന്‍ ഫിലിപ്പും ലൈഫ് ജാക്കറ്റ് എന്നൊരു വിദ്യയെക്കുറിച്ചു മിണ്ടുന്നേയില്ല.

ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ വച്ച് ദൈവത്തിന്‍റെ സ്വന്തം വീട്ടിലേയ്ക്കു സഞ്ചാരികളെ ഇനിയും എത്തിക്കേണ്ടേ നമുക്ക്? പുതിയൊരു മനുഷ്യച്ചങ്ങലയ്ക്കു സ്കോപ്പും വേണമല്ലോ! ലൈഫ് ജാക്കറ്റ്കാരെ പോയി പണിനോക്കാന്‍ പറ, കുത്തക ബൂര്‍ഷ്വാവര്‍ഗം! മള്‍റ്റിനാഷനള്‍ ചെറ്റകള്‍!

Sunday, August 9, 2009

വായിക്കാത്തവന്‍റെ സുവിശേഷം

തിരുവനന്തപുരം ഡീ സീ ബുക്ക്സില്‍ മലയാളം പുസ്തകങ്ങള്‍ ഉഷ്ണമേഘലയിലിരുന്നു വിയര്‍ക്കുന്നു. ഇങ്ഗ്ലീഷു പുസ്തങ്ങള്‍ക്കു ശീതീകരിച്ച മുറിയുണ്ട്.

“ ഹരി മാമാ ഡീ സീ ബുക്ക്സില്‍ പോകാം”

ഗള്‍ഫില്‍ നിന്നും അവധിയ്ക്കു വന്ന, എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന അനന്തരവന് സ്കൂളില്‍ ഉപന്യാസമെഴുതാന്‍ മാധവിക്കുട്ടിയുടെ ഒരു കഥ വേണം. അങ്ങനെ എത്തിയതാണു ഡീ സീ ബുക്ക്സില്‍. കഥ കിട്ടി. വേറേയും കുറേ പുസ്തകങ്ങള്‍ ഞാന്‍ വാങ്ങി. കേ പീ അപ്പന്‍റെ സമ്പൂര്‍ണ്ണ കൃതികളോ തെരഞ്ഞെടുത്ത് കൃതികളോ ഇല്ല. അദ്ദേഹത്തിന്‍റെ മറ്റുകൃതികള്‍ വാങ്ങി. ‘ക്ഷോഭിക്കുന്നവരുടെ സുവിശേഷത്തിന്‍റെ’ കാലത്ത് വായിക്കാനുള്ള ആര്‍ത്തി മാത്രം. വാങ്ങാന്‍ കാശില്ല. നരേന്ദ്രപ്രസാദ് സാറിന്‍റെ കൈയ്യില്‍ നിന്നും ഇരന്നു വാങ്ങിയാണ് അന്നത് വായിച്ചത്. ഇന്ന് വിലകൊടുത്തു പുസ്തങ്ങള്‍ വാങ്ങാനുള്ള ആര്‍ത്തി മാത്രം മിച്ചം. വായനയുടെ ആവേശം വഴിയിലെവിടെയോ വച്ചു കൊഴിഞ്ഞു പോയി. ഇപ്പോള്‍ ഒന്നോ രണ്ടോ ചാപ്റ്റര്‍ വായിച്ചു മടക്കിവച്ച പുസ്തകങ്ങളാണു ബെഡ് റൂമില്‍ അധികവും. പിന്നീടു കുറേ ദിവസങ്ങള്‍ കഴിയുമ്പോള്‍ മുറി വൃത്തിയാക്കുന്നവര്‍ അതെടുത്തു ഷെല്‍ഫില്‍ വയ്ക്കും. പിന്നെ ഏതെങ്കിലും ഒരു ഞായറാഴ്ച ഷെല്‍ഫ് ഡസ്റ്റ് ചെയ്യുമ്പോള്‍ അവയെ കുറ്റബോധത്തോടെ തലോടും. എന്നാലും പുസ്തകം വാങ്ങലിനു ഒരു കുറവും ഇല്ല.


“ മാമാ, മാധവിക്കുട്ടിയുടെ സമ്പൂര്‍ണ്ണ കൃതിയ്ക്കു രെജിസ്റ്റര്‍ വച്ചിട്ടുണ്ട്”

ഇങ്ഗ്ലീഷു സെക്ഷനിലാണ് രെജിസ്റ്റ്രേഷന്‍. പ്രീ പബ്ലിക്കേഷന്‍ സൌജന്യവും കാണുമായിരിക്കും. വേണ്ട. രെജിസ്റ്റര്‍ ചെയ്തില്ല. മിക്കവാറും സാഹിത്യ പ്രവര്‍ത്തകര്‍ക്കു മരണം കൊടുക്കുന്ന വാഗ്ദാനമാണ് സമ്പൂര്‍ണ്ണ കൃതികള്‍. ഒരു ‘പോസ്റ്റ് ഡെത്ത്’ സൌജന്യം. എന്നെപ്പോലെ പുസ്തങ്ങള്‍ വാങ്ങി ഷെല്‍ഫില്‍ വയ്ക്കുന്നവര്‍ക്കു നല്ല അവസരം. ബഷീര്‍ കൃതികള്‍ക്കും, വയലാര്‍ കൃതിയ്ക്കും അടുത്തു ചേര്‍ത്തു വച്ച് അലങ്കരിക്കാം.


അനന്തരവന്‍ ചെക്കന്‍ കുട്ടികളുടെ സെക്ഷനിലേയ്ക്കു പോയി.

‘ ലിവിങ് റ്റു റ്റെല്‍ ദ റ്റേല്‍’. മാര്‍ക്വെസ്സിന്‍റെ ഞാന്‍ കണ്ടിട്ടില്ലാത്ത പുസ്തകം.. തിരിച്ചും മറിച്ചും നോക്കി വാങ്ങാന്‍ തീരുമാനിച്ചു കഴിഞ്ഞപ്പോള്‍ പഴയ ഒരു സഹപാഠി വന്നു. ആള്‍ ഇന്‍ഡ്യാ റേഡിയോയിലെ പ്രശസ്തന്‍. അവന്‍റെ വകയായി പുത്തന്‍ എഴുത്തുകാരുടെ കുറേ പുസ്തകങ്ങള്‍ കൂടെ തെരെഞ്ഞെടുത്തു തന്നു. മലയാളം സെക്ഷനിലെ കൌണ്ടറിലിരുന്നു വിയര്‍ക്കുന്നവനോടു ആകാശവാണിയുടെ വക ബ്ഡായി,

“ അയ്യോ, ശശീ, ഈ ഹരിത്തിനെ അറിയില്ലേ, ഡല്‍ഹിയില്‍ ജേര്‍ണലിസ്റ്റാ. നമ്മുടെ ഡീ സീ രവിയുടെ ഒക്കെ അടുത്ത ഫ്രണ്ടാ.”

ഞാന്‍ ഒരിക്കലും കണ്ടിട്ടുപോലും ഇല്ലാത്ത ഡീ സീ രവിയുടെ സൌഹൃദം എന്നില്‍ അടിച്ചേല്‍പ്പിച്ചത് അല്പം ഡിസ്കൌണ്ടിനു വേണ്ടി. കുറുക്കന്‍. അവന്‍ നന്നാവില്ല. കോളേജില്‍ വച്ചേ ഇതേ പരിപാടിയായിരുന്നു അവന്. പഴയ സൌഹൃദങ്ങളുടെ കാനേഷുമാരി നടത്തി, ആകാശവാണി. കുറേപ്പേരുടെ മൊബൈല്‍ നമ്പരുകള്‍ ബിസ്സ്നസ്സ് കാര്‍ഡാക്കി ഫോര്‍വേഡ് ചെയ്തു. കൂട്ടുകാരില്‍ ഒരുത്തന്‍ ചിക്കന്‍ ഗുനിയ പിടിച്ചു ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ നിന്നും വിടവാങ്ങി. ആകാശവാണി അവന്‍റെ മൊബൈല്‍ നമ്പര്‍ ഡെലീറ്റു ചെയ്തു.


എട്ടാം ക്ലാസ്സുകാരന്‍ അഞ്ചാറ് ബുക്കു തെരഞ്ഞെടുത്തിരിക്കുന്നു. പക്ഷേ കൌണ്ടറില്‍ വന്നപ്പോള്‍ ഒരു പുസ്തകം മാത്രം.

“ എന്തെടാ , ബാക്കി ബുക്ക്സ് ഒന്നും മേടിക്കുന്നില്ലേ?”

“ ഇതു വായിച്ചിട്ടു ഇഷ്ടപ്പെട്ടാ ബാക്കി നാളെ മേടിക്കാം”.


ഈ വില്ലാളി ഈ പ്രായത്തിലേ സെലക്റ്റീവാണല്ലോ. മാത്രവുമല്ല പത്തു മുന്നൂറു പേജുള്ള ഈ പുസ്തകം ഇന്നു തന്നെ വായിച്ചു തീര്‍ക്കാനുള്ള പ്ലാന്‍ ആണ്.ഇവനും പ്രായമാകുമ്പോള്‍ എന്നെപ്പോലെ പുസ്തകങ്ങള്‍ വാങ്ങുക മാത്രം ചെയ്യുന്ന വേതാളം ആവാതിരുന്നാല്‍ മതിയായിരുന്നു.


പുസ്തകങ്ങള്‍ക്കിടയില്‍ വച്ച് നട്ടെല്ലു വേദന അറിഞ്ഞിരുന്നില്ല. ഡീ സീയില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ അസഹനീയമായ വേദന വീണ്ടും. സ്പൈനല്‍ സപ്പോര്‍ട്ട് ബെല്‍റ്റ് ഒന്നു കൂടെ മുറുക്കിക്കെട്ടി. വയ്യ. ഒന്നു ഇരിക്കണം. ഡീ സീ യുടെ കെട്ടിടത്തിന്‍റെ പടിയില്‍ത്തന്നെ ഒരരികില്‍ ഇരുന്നു. എട്ടാം ക്ലാസ്സ് ഒരു പെപ്സിയും കുടിച്ചു അരികില്‍ നില്‍പ്പുണ്ട്. മാധവിക്കുട്ടിയുടെ ഏതു കഥയെക്കുറിച്ചു എസ്സെ എഴുതണമെന്ന അവന്‍റെ ചോദ്യം എന്നെ വലച്ചു. ഏതാ ഇപ്പൊ പറഞ്ഞു കൊടുക്കുക?

“ നീ ആദ്യം കഥകള്‍ വായിച്ചു നോക്ക്. എന്നിട്ടു നിനക്കു ഇഷ്ടപ്പെട്ടതു ഏതെന്നു പറ.”

ഉത്തരം അവനത്ര ബോധിച്ചില്ല.


മുകളിലത്തെ നിലയില്‍ നിന്നും ആരോ കുറേ വെള്ളം താഴോട്ടൊഴിച്ചു. അവിടെ പാര്‍ക്കു ചെയ്തിരുന്ന സ്ക്കൂട്ടറുകളും ബൈക്കുകളും ഒക്കെ നന്നായി നനഞ്ഞു. കെട്ടിട കാവല്‍ക്കാരന്‍റെ തൊപ്പിയും യൂണിഫോമും നനഞ്ഞു. അയാള്‍ മുകളിലേയ്ക്കു നോക്കി തെറി പറയാന്‍ തുടങ്ങി. പിന്നെ ബോധോദയം വന്നവനെപ്പോലെ ചിരിച്ചു കൊണ്ട് തെറി വിളി അബ്രപ്റ്റായി നിറുത്തി.

സെക്രറ്റേറിയേറ്റ് ഉപരോധിച്ചുകൊണ്ടിരുന്ന കുറേപ്പേരെ പോലീസുകാര്‍ ഓടിച്ചിട്ടടിക്കുന്നു. ഖദറാണു സമരത്തൊഴിലാളികളുടെ വേഷം. അഹിംസാ പാര്‍ട്ടിയുടെ യുവജന വിഭാഗം. അവര്‍ ജനറല്‍ ആശുപത്രി സൈഡിലേയ്ക്കു ഓടി.പിറകേ പോലീസുകാര്‍. സിറ്റി മെഡിക്കത്സിന്‍റെ മുന്‍പില്‍ കണ്ണീര്‍ വാതകത്തിന്‍റെ പുക മറ.

എന്താ പ്രശ്നം?

“ ഇതു എന്നും ഉള്ള കലാപരിപാടിയാ സാറേ ഇവിടെ”

കാവല്‍ക്കാരന്‍ തൊപ്പി വെയിലത്തു ഉണക്കാന്‍ വച്ചിട്ടു തത്വചിന്തകനായി പിന്നെയും സംസാരം തുടര്‍ന്നു..


ആകെ രണ്ടു പ്രാവശ്യമേ ഞാന്‍ മാധവിക്കുട്ടിയെ കണ്ടിട്ടുള്ളൂ. ഒടുവില്‍ കണ്ടത് വലിയതുറയ്ക്കടുത്ത് ഒരു കവലയില്‍ അമ്പാസ്സഡര്‍ കാറില്‍ കെട്ടിവച്ച മൈക്കിലൂടെ ചുറ്റും നില്‍ക്കുന്ന പത്തിരുപത്തഞ്ചു പേരോടു പ്രസംഗിക്കുന്ന ലോക്സഭാ സ്ഥാനാര്‍ത്ഥിയായിട്ട്. ‘എന്‍റെ കഥ’ ആത്മ കഥയല്ല വെറും ഭാവനയാണെന്നൊക്കെ അക്ഷരാഭ്യാസം കുറഞ്ഞ മുക്കുവരോടു വള്ളുവനാടന്‍ ഭാഷയില്‍ പറഞ്ഞുകൊണ്ടിരുന്ന ആയമ്മയെക്കണ്ട് നൊന്തു.


ആദ്യം കണ്ടത് കോളേജിലെ ഒരു സമ്മേളനത്തില്‍ വച്ച്. സൈലന്‍റ് വാലിയെക്കുറിച്ച് കാമ്പസ്സുകളില്‍ കവിതകളും ചര്‍ച്ചകളും വിടരുന്ന കാലം. മാധവിക്കുട്ടി അല്പം നേരത്തേ എത്തി. പ്രിന്‍സിപ്പാളിനും , സാഹിത്യകാരന്മാര്‍ക്കും, വീ ഐ പീ കള്‍ക്കും വേണ്ടി ഒഴിച്ചിട്ടിരിക്കുന്ന സദസ്സിലെ മുന്‍‌വരിയില്‍ അറിയാതെ വന്നിരുന്ന ഒരു ചേരിക്കാരന്‍ തെണ്ടിച്ചെക്കനെ ഭാരവാഹികളില്‍ ചിലര്‍ വിരട്ടിയോടിച്ചു. ഒരാള്‍ കല്ലെടുത്തെറിയുന്നതു പോലെ ആഗ്യം കാട്ടി. അവന്‍ ക്യാമ്പസ്സു വിട്ടോടിപ്പോയി. പ്രസംഗിക്കാന്‍ അവസരം വന്നപ്പോള്‍ മാധവിക്കുട്ടി ഈ സംഭവം വിവരിച്ചു കൊണ്ട് എല്ലാവരോടുമായി ചോദിച്ചു,

“ മനുഷ്യനെ സ്നേഹിക്കാനറിയാത്ത നിങ്ങളോക്കെയാണോ ഇനി മരങ്ങളെ സ്നേഹിക്കാന്‍ പോണത്?”


എട്ടാം ക്ലാസ്സുകാരന്‍റെ അമ്മ ഭീമാ ജ്യുവലറിയില്‍ പോയിരിക്കുകയാണ്. അവര്‍ സ്റ്റേറ്റ് ബാങ്കിന്‍റെ ലോക്കറിലും പോയി തിരിച്ചു വരുന്ന വഴി ഞങ്ങളെ ഡീ സീ ബുക്കസില്‍ നിന്നും പിക്കു ചെയ്യാം എന്നു പറഞ്ഞതാണ്. ഇതുവരെ കണ്ടില്ല.

ഞാന്‍ പ്ലാസ്റ്റിക്ക് സഞ്ചിയിലെ പുസ്തകക്കെട്ടില്‍ നിന്നും ഒരെണ്ണം എടുത്തു മറിച്ചു നോക്കി. കേ. പീ അപ്പന്‍റെ ‘രോഗവും സാഹിത്യഭാവനയും’. അവിടെയും ഇവിടേയും ഒന്നു ഓടിച്ചു വായിച്ചപ്പോള്‍ തന്നെ ഡിപ്രഷന്‍ അരിച്ചരിച്ചു കയറുന്നപോലെ തോന്നി. വേണ്ട, വായിക്കണ്ട. ഈ പുസ്തകവും എന്‍റെ ഷെല്‍ഫില്‍ വെറുതേ വച്ചേക്കാം. ഞായറാഴ്ച തോറും പൊടിയടിച്ചു വൃത്തിയാക്കുമ്പോള്‍ സ്വകാര്യമായി കുമ്പസാരിക്കാന്‍.

Wednesday, August 5, 2009

ചാനലുകളിലെ “ഖബറടക്കം”

ആദരണീയനായ ശിഹാബ് തങ്ങള്‍ അന്തരിച്ച വാര്‍ത്ത കൊടുക്കുന്ന സമയത്ത്, കേരളത്തിലെ ചാനലായ ചാനലിലെല്ലാം ഉള്ള അവതാരക കുഞ്ഞുങ്ങള്‍ ‘ഖബറടക്കം, ഖബറടക്കം’ എന്നു പറഞ്ഞു കൊണ്ടേയിരുന്നു. എഴുതിയും കാണിച്ചത് ‘ഖബറടക്കം’ എന്നു തന്നെ.

പണ്ട് സ്ക്കൂളില്‍ ഹിന്ദി സാര്‍ പഠിപ്പിച്ച ഓര്‍മ്മ, ‘ഖബര്‍’ എന്ന വാക്കിനു ‘വാര്‍ത്ത’ എന്നര്‍ത്ഥമെന്നാണ്. മയ്യത്തടക്കുന്നതിനെ ‘കബറടക്കുക’ എന്നാണു പണ്ട് പറഞ്ഞു പഠിച്ചിരുന്നത്. കബറടക്കുന്ന സ്ഥലത്തെ ‘ കബറിസ്ഥാന്‍’ എന്നും.

ഇനിയിപ്പോള്‍ വാര്‍ത്തകളെ വളച്ചും ഒടിച്ചും കൊലപാതകം നടത്തുന്ന ചാനലുകള്‍, വാര്‍ത്തകളെ കബറടക്കിക്കൊണ്ടിരിക്കുന്ന കാര്യമാണോ ‘ ഖബറടക്കം’ എന്ന പ്രയോഗത്തിലൂടെ വ്യംഗ്യമായി ധ്വനിപ്പിക്കുന്നത്?


‘വാഴക്കൊലപാതകമെന്നു’ കാര്‍ട്ടൂണ്‍ കവിതയില്‍ പ്രയോഗിച്ച അയ്യപ്പപ്പണിക്കര്‍ ജീവിച്ചിരുന്നെങ്കില്‍, ‘വാര്‍ത്തക്കൊലപാതകം’ എന്നോ, ‘ഭാഷക്കൊലപാതകം’ എന്നോ മറ്റോ പറഞ്ഞു വല്ലതും കുത്തിക്കുടിച്ചേനേ!

ഇവര്‍ ഇങ്ങനെ പറഞ്ഞു പറഞ്ഞു എനിക്കു ഇപ്പോള്‍ വലിയ കണ്‍ഫ്യൂഷന്‍ ആയി. ഇനിയിപ്പോള്‍ ഖബറടക്കമാണോ ശരി?

ബൂലോകത്തെ അറിവുള്ള ഭാഷാ പണ്ഡിതന്മാര്‍ ഈ കണ്‍ഫ്യൂഷന്‍ തീര്‍ത്തു തരണേ...... ഇവിടെ ഈ മൂലയില്‍ കരഞ്ഞു കരഞ്ഞിരിക്കുന്ന മലയാളത്തെ ഒന്നു ഗുണദോഷിക്കാനാ.... പ്ലീസ്, വല്ലാത്ത കണ്‍ഫ്യൂഷന്‍ !!!!

Saturday, June 13, 2009

വിഭീഷണനെന്നു കേട്ടാലോ?

സാധാരണയായി ഈ ബ്ലോഗില്‍ കക്ഷിരാഷ്ട്രീയ പ്രശ്നങ്ങള്‍ ഒഴിവാക്കുകയാണു പതിവ്. അത് രാഷ്ട്രീയാഭിപ്രായങ്ങള്‍ ഇല്ലാത്തതുകൊണ്ടല്ല. അരാഷ്ട്രീയത നല്ലതാണെന്ന തോന്നല്‍ കൊണ്ടും അല്ല. രാഷ്ട്രീയ വിഷയങ്ങള്‍ക്കു വേറേ മീഡിയങ്ങള്‍ തേടുന്നുവെന്നു മാത്രം. ഇന്നെഴുതുന്നതും കക്ഷിരാഷ്ട്രീയ നിലപാടുകളെക്കുറിച്ചല്ലെന്നൊരു മുന്‍‌കൂര്‍ ജാമ്യം.

ഇഷ്ടമില്ലാത്തച്ചു തൊട്ടതെല്ലാം കുറ്റം എന്ന രീതിയില്‍ ഒരു കൂട്ടരും സി ഐ ഡി വിജയന്‍ മോഷ്ടാവാണെന്ന രീതിയില്‍ മറു പക്ഷവും ‘മീഡിയാ സിന്‍ഡിക്കേറ്റുകളില്‍’ കൂടി നടത്തുന്ന മത്സരക്കലാശങ്ങള്‍ കണ്ട് കണ്ട് ഓക്കാനം വരുന്ന വേളയില്‍ അതാ ചാനലുകളില്‍ ഒരു ലീഗല്‍ ല്യൂമിനറി. രണ്ടു പേര്‍ പിടിച്ചു നടത്തി മൈക്കിന്‍റെ മുന്നില്‍ കൊണ്ടിരുത്തുന്നു ജസ്റ്റിസ് കൃഷ്ണയ്യരെ. ഈ വിനീതന്‍ കണ്ണുകള്‍ തുറന്നു, കാതോര്‍ത്തു. ജസ്റ്റിസ് കൃഷ്ണയ്യര്‍ പറഞ്ഞതിന്‍റെ മലയാളം ഇത്രയേ ഉള്ളൂ, മന്ത്രിസഭയുടെ ഉപദേശം കേള്‍ക്കാതെ പോലീസിന്‍റെ ഉപദേശം കേട്ടു തീരുമാനമെടുക്കുന്നവന്‍ കേരള ഗവര്‍ണ്ണര്‍.ജനാധിപത്യത്തിന്‍റെ കടയ്ക്കു കത്തിവയ്ക്ക്കുന്നവന്‍‍. സ്വേച്ഛാധിപത്യസ്വഭാവമുള്ളവന്‍, ഭരണഘടനയെക്കുറിച്ചു വിവരമില്ലാത്തവന്‍.
രാവിലെ മുടിവെട്ടിയ്ക്കാന്‍ ചന്തമുക്കില്‍ സഖാവ് സുകുമാരന്‍റെ ബാര്‍ബര്‍ ഷാപ്പില്‍ പോയപ്പോള്‍ അയാള്‍ കത്തി വച്ചതും ഏതാണ്ടിങ്ങനെയൊക്കെ തന്നെ ആയിരുന്നു.

രാഷ്ട്രീയാഭിപ്രായം പറയുന്നതു ബാര്‍ബര്‍ സുകുമാരനായാലും പ്രകാശ് കാരാട്ടായാലും ശ്രദ്ധയോടെ കേട്ടിരിക്കാന്‍ ഞാന്‍ എന്നേ ശീലിച്ചിരിക്കുന്നു.ക്ഷമയോടെ വെറുതേ ചിരിച്ച്, പ്രതികരിക്കാതെ, മുഖത്തു നീരസമോ, അസഹിഷ്ണുതയോ വരാതെ അവര്‍ പറയുന്നതു കേട്ടു തലയാട്ടാന്‍ എന്നേ പഠിച്ചു കഴിഞ്ഞു. അനാവശ്യ രാഷ്ടീയ വിവാദങ്ങളിലേര്‍പ്പെട്ടു ഉണ്ടായിരുന്ന വ്യക്തിബന്ധങ്ങള്‍ക്കു മുറിവേറ്റ സംഭവങ്ങളാകാം ഈ തിരിച്ചറിവ് നല്‍കിയത്.

1979ലെ പാര്‍ലമെന്‍റ്തെരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധി ഒരിക്കലും തോല്‍ക്കില്ലെന്നു കരുതിയിരുന്നു ഞാനും എന്‍റെ അച്ഛനും. ഇലക്ഷന്‍ വെറും ഫാര്‍സ് ആയിരിക്കുമെന്നും റിഗ്ഗുചെയ്തു ഇന്ദിരാഗാന്ധി ജയിക്കും എന്നുമുള്ള പാര്‍ട്ടിലൈനാണു എന്‍റെ വിശ്വാസത്തിനാധാരമെങ്കില്‍, അടിയന്തരാവസ്ഥയുടെ സ്തുതി പാഠകനായിരുന്ന അച്ഛന്‍ കോണ്‍ഗ്രസ്സ് ഭക്തനായതു കൊണ്ട് അവര്‍ ജയിക്കും എന്ന് പൂര്‍ണ്ണമായും വിശ്വസിച്ചിരുന്നു. അവസാനം മാതൃഭൂമി പത്രമാപ്പീസില്‍ ചെന്നു ഇലക്ഷന്‍ റിസള്‍ട്ടിന്‍റെ ലേറ്റസ്റ്റ് ചോദിച്ചപ്പോള്‍ അവിടെയിരുന്ന ഒരു ചേട്ടന്‍ പറഞ്ഞതു ഇങ്ങനെയായിരുന്നു,

“രായ് ബറേലിയില്‍ ഇന്ദിരാഗാന്ധിയും തോറ്റു, അരൂരില്‍ ഗൌരിയമ്മയും തോറ്റു,”

പാര്‍ട്ടി ലൈന്‍ തെറ്റിപ്പോയ അങ്കലാപ്പില്‍ ഞാന്‍ വീട്ടിലെത്തി. അച്ഛനോട് ഇന്ദിരാഗാന്ധി തോറ്റ സന്തോഷം പറഞ്ഞൊന്നു കളിയാക്കാന്‍ നോക്കി.
ഈ അടുത്ത കാലത്തു അച്യുതാനന്ദന്‍ സഖാവ് പ്രസ്സ്കോണ്‍ഫറന്‍സില്‍ ചിരിച്ച പോലെ അച്ഛന്‍ ഒന്നു ചിരിച്ചു. എന്നിട്ടു പറഞ്ഞു,

“ എടാ ഇന്ദിരാഗാന്ധി തോറ്റാല്‍ ഞങ്ങള്‍ ഇവിടെ പട്ടാള ഭരണം കൊണ്ടു വരും, നിന്‍റെ ഗൌരിയമ്മ ഇനി ഈച്ചയടിച്ചോണ്ടിരിയ്ക്കയേ ഉള്ളൂ”

വല്ലാത്ത ദേഷ്യംവന്ന ഞാന്‍ ഒന്നു പറഞ്ഞു ഒന്നു പറഞ്ഞു അച്ഛനുമായി വല്ലാതെ തെറ്റി. ചങ്കു നോക്കി എയ്ത വാക്ശരങ്ങള്‍ പിന്നെ തിരിച്ചെടുക്കാന്‍ കഴിയില്ലെന്നൊന്നും അപ്പോള്‍ ഓര്‍ത്തില്ല. പിന്നീട് ഒരിക്കലും എന്നോടു അച്ഛന്‍ രാഷ്ട്രീയം പറയാതെയായി. കളി തമാശകളും തര്‍ക്കങ്ങളുമായി എന്നും ഉണര്‍ന്നിരുന്ന ആ വീട്ടില്‍ പിന്നിടൊരിക്കലും രാഷ്ട്രീയ വിവാദങ്ങള്‍ ഒച്ചയുയര്‍ത്തിയിട്ടില്ല. വിവാദങ്ങളും അസഹിഷ്ണുതയും കൊണ്ടു ഒരുപാടു വ്യക്തി ബന്ധങ്ങള്‍ ഉലഞ്ഞു പിന്നീടും. പല ബന്ധങ്ങള്‍ എന്നെന്നേയ്ക്കുമായി അറ്റു.


പറഞ്ഞു വന്നതു കൃഷ്ണയ്യരുടെ പ്രസ്സ് സ്റ്റേറ്റ്മെന്‍റിനെക്കുറിച്ചാണ്. സഖാവ് കൃഷണയ്യരായല്ല റിട്ടയേര്‍ഡ് സുപ്രീം കോടതി ജഡ്ജിയെന്നുള്ള നിലയിലാണു അദ്ദേഹത്തിന്‍റെ അഭിപ്രായങ്ങള്‍ക്കു ഞാന്‍ മൂല്യം കാണാറുള്ളത്. വന്ദ്യനും, ജ്ഞാന വൃദ്ധനും, ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രി സഭയില്‍ സ്വതന്ത്രാംഗമെന്നനിലയില്‍ മന്ത്രിയും, പിന്നീടു ജഡ്ജിയായി ഉയര്‍ന്നു സുപ്രീം കോടതി വരെ എത്തിയ നിയമജ്ഞനും, റിട്ടയറായതിനു ശേഷം മനുഷ്യാവകാശ പ്രവര്‍ത്തകനും ഒക്കെയായ ,നമ്മളെല്ലാം ബഹുമാനിക്കുന്ന കൃഷ്ണയ്യരുടെ ഈ പ്രകടനം എന്നെ അമ്പരപ്പിച്ചു , ദുഖിപ്പിച്ചു. അദ്ദേഹം ഗവര്‍ണറെ അനുകൂലിക്കുകയോ എതിര്‍ക്കുകയോ എന്തു വേണമോ ചെയ്യട്ടെ, പക്ഷേ പറയുന്ന വാക്കുകളും, വാദങ്ങളും അദ്ദേഹത്തിന്‍റെ പാണ്ഡിത്വത്തിനു തെല്ലെങ്കിലും നിരക്കുന്നതാവണ്ടേ? ചന്തമുക്കിലെ ബാര്‍ബര്‍ സുകുമാരനെപ്പോലെ ലോജിക്കും കോപ്പും ഒന്നും ഇല്ലാതെ എന്തെങ്കിലും വിളിച്ചു പറയാനാനെങ്കില്‍ ജയ്ഹിന്ദും , കൈരളിയുല്‍ ഉള്‍പ്പെടെയുള്ള ചാനലായ ചാനലിലൊക്കെ ആളുകള്‍ നിറഞ്ഞു വിലസുകയല്ലേ? ഈ തൊണ്ണൂറ്റിനാലാം വയസ്സില്‍ ജസ്റ്റിസ് കൃഷ്ണയ്യര്‍ തന്നെ ഇങ്ങനെ ചെയ്യണോ? ചെയ്യാം അതു അദ്ദേഹത്തിന്‍റെ സ്വാതന്ത്ര്യം. റ്റ്വന്‍റി 20 ക്രിക്കറ്റു മത്സരങ്ങള്‍ കൊഴുപ്പിയ്ക്കാന്‍ അര്‍ദ്ധ നഗ്നരായി ആടുന്ന ചീയര്‍ ലീഡര്‍ പെണ്ണുങ്ങള്‍ എത്ര പാവങ്ങള്‍! ജീവിക്കാനുള്ള കാശിനു വേണ്ടി അവര്‍ ആടിത്തിമിര്‍ക്കുന്നു. പക്ഷേ ജസ്റ്റിസ് കൃഷ്ണയ്യരോ? ഇതൊരുമാതിരി.... വേണ്ട അദ്ദേഹത്തോടുള്ള ആദരവു ഇതു എഴുതി മുഴുവനാക്കാന്‍ എന്നെ അനുവദിക്കുന്നില്ല. പണ്ടൊരിക്കല്‍ എം, കൃഷ്ണന്‍ നായര്‍ ദൂരദര്‍ശനില്‍ പ്രൈം റ്റൈമില്‍ പ്രോഗ്രാം നടത്തിയിരുന്ന സിനിമാ നടന്‍ അശോക് കുമാറിനെക്കുറിച്ചു എഴുതിയത് ഏതാണ്ടിങ്ങനെ ആണെന്നു തോന്നുന്നു.

“ എനിയ്ക്കേറ്റവും ഇഷ്ടമുള്ള നടന്മാരിലൊരാളാണു അശോക് കുമാര്‍. പക്ഷേ വീട്ടില്‍ കൊച്ചുമക്കളുമൊത്തു കഴിയേണ്ട ഈ പ്രായത്തില്‍ റ്റീവീയില്‍ വായ്പ്പുണ്ണും കാട്ടി വരുന്നത് എന്നില്‍ അറപ്പുളവാക്കുന്നു, വെറുപ്പുളവാക്കുന്നു. ഞാന്‍ ദുഃഖിക്കുന്നു.”

താനിത്രകാലവും കോണ്ടു നടന്നതും, കൃഷ്ണയ്യരെ ജസ്റ്റിസ് കൃഷ്ണയ്യരാക്കിയതുമായ ജുഡിഷ്യറിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തി പബ്ലിക്ക് സ്റ്റേറ്റ്മെന്‍റിറക്കുന്നതും ഒരു ഓര്‍മ്മത്തെറ്റുപോലെ കൃഷ്ണയ്യരെ ഈയിടെയായി പിന്തുടരുന്നെന്നു തോന്നുന്നു. ഈ ലാവ്‌ലില്‍ കേസിനെക്കുറിച്ചു തന്നെ അദ്ദേഹം ലോവര്‍ ജുഡിഷ്യറിയെ കുറ്റപ്പെടുത്തുന്ന സ്വരത്തില്‍ ഒരു സ്റ്റേറ്റ്മെന്‍റ് ഇറക്കുകയുണ്ടായി. ഒന്നര ദിവസം കഴിയും മുന്‍പു തന്നെ സബ് ജുഡിസായ കേസിനെ ഇന്‍ഫ്ലുവന്‍സ് ചെയ്യാനല്ല താന്‍ ഉല്പ്രേക്ഷിച്ചതെന്നൊരു മറു സ്റ്റേറ്റ്മെന്‍റ് ഇറക്കി തടി തപ്പുകയും ചെയ്തു. വല്ല കാര്യവും ഉണ്ടായിരുന്നോ എന്നൊന്നും ഞാന്‍ ചോദിക്കുന്നില്ല.

അതുപോലെ ബിനായക് സെന്നിനെ ജയിലില്‍ നിന്നും വിടണമെന്നു പറഞ്ഞിറക്കിയ പ്രസ്താവനയിലും സെഷന്‍സ് കോടതിയെ നിശിതമായി വിമര്‍ശിച്ചു. ബിനായക് സെന്‍ നല്ല മനുഷ്യനാണെന്നും അദ്ദേഹത്തെ ജയിലടയ്ക്കേണ്ട ഒരാവശ്യവും ഇല്ലെന്നും ഞാന്‍ വിശ്വസിക്കുമ്പോഴും, അണ്ടര്‍ റ്റ്രയലില്‍ ഉള്ള ഒരു കേസിനെക്കുറിച്ചു ഒരു റിട്ട്. സുപ്രീം കോടതി ജഡ്ജി പറയുമ്പോള്‍ ഉണ്ടാകേണ്ട പക്വതയോ. ആഴമോ, നിയമ വിശകലനമോ ഒന്നും ഇല്ലാതെ വെറുതേ കാള മൂത്രമൊഴിക്കുന്നതു പോലെ സ്റ്റേറ്റ്മെന്‍റിറക്കിയ ജസ്റ്റിസിനെയോര്‍ത്തു എനിക്കു വ്യസനമുണ്ടായി. ഇങ്ങനെ പതിരുപോലത്തെ പ്രസ്താവനയിറക്കാനാണെങ്കില്‍ ഇവിടെ അരുന്ധതി റായ് ഉണ്ടല്ലോ! കൃഷ്ണയ്യരുടെ ആവശ്യമില്ല.

എത്രയെത്ര മഹത്വമാര്‍ന്ന കേസുകളില്‍ ആര്‍ജ്ജവത്തോടെ കാര്യ കാരണ സഹിതം വിധികളെഴുതിയ ഒരു ജുഡിഷ്യല്‍ മൈന്‍ഡിന്‍റെ പതനം! കോടതികള്‍ വിമര്‍ശനത്തിനതീതമെന്നല്ല വിവക്ഷ. വിമര്‍ശിക്കുന്നെങ്കില്‍ അതിന്‍റെ കാതല്‍ കേട്ടു നിഷ്പക്ഷമതികള്‍ തലകുലുക്കണം.വെറും റിട്ടറിക്ക് കൃഷ്ണയ്യരില്‍ നിന്നും പ്രതീക്ഷിക്കാതിരുന്നതു എന്‍റെ തെറ്റ്. റിട്ടയറാകുന്നതു വരെ ജുഡിഷ്യറി ജുഡിഷ്യറി എന്നു ജപിച്ചുകൊണ്ടിരുന്നിട്ടു ഇപ്പോള്‍ ബ്രദര്‍ ജഡ്ജുമാര്‍ക്കെതിരേപോലും വാച്യമായും വ്യംഗ്യമായും പ്രതികരിച്ചുകൊണ്ടേയിരിക്കുന്ന കൃഷ്ണയ്യര്‍ മറ്റൊരു കുട്ടിക്കൃഷ്ണനെ ഓര്‍മ്മിപ്പിച്ചു.കുട്ടികൃഷ്ണമാരാര്‍. സഹോദരനെ ഒറ്റിക്കൊടുത്തു മറുകണ്ടം ചാടിയ വിഭീഷണനെക്കുറിച്ചു മാരാര്‍ എവിടെയോ പറഞ്ഞിട്ടുണ്ട്. ഏതാണ്ടിങ്ങനെയോ മറ്റോ,

“ വിഭീഷണനോ? ആ പേരു കേട്ടാല്‍ പോയി കുളിക്കണം”

Sunday, May 31, 2009

നീര്‍മാതളപ്പൂവ്

ഈ നീര്‍മാതളപ്പൂവിനെ കണ്ണീരില്‍ കഴുകി അശുദ്ധമാക്കരുത്. കണ്ണീരു കൊണ്ട് ദഹിപ്പിയ്ക്കാം.

Tuesday, May 12, 2009

ജരാ യാദ് കരോ കുറ്ബാനീ

കുറച്ചു മാസങ്ങളായി ഛത്തീസ്ഗഡിലാണ്.

ഇന്നലെ നഗരി എന്ന ഗ്രാമത്തില്‍ 12പോലീസ് കോണ്‍സ്റ്റബിള്‍സിനേയും ഒരു സിവിലിയന്‍ ഡ്രൈവറേയും മാവോയിസ്റ്റുകള്‍ ബ്ലാസ്റ്റ് ചെയ്തു ഛിന്ന
ഭിന്നമാക്കി. ജീവന്‍റെ തുടിപ്പു മിച്ചമുണ്ടായിരുന്നവരെ വീണ്ടും വെടിവച്ചു; കൊന്നു എന്നുറപ്പു വരുത്താന്‍. പരുക്കേറ്റ 31 ജവാന്മാരില്‍ 7 പേരുടെ നില ഗംഭീരം.

ഇന്നലെത്തന്നെ കുരുസനാറില്‍ സ്ഫോടനത്തില്‍ മറ്റൊരു പോലീസുകാരന്‍ മരിച്ചു.

മെനിഞ്ഞാന്ന് സാലേപ്പള്ളിയില്‍ രണ്ട് സ്പെഷ്യല്‍ പോലീസ് ഓഫീസേഴ്സ് ഉള്‍പ്പെടെ മൂന്നു പേരെ കൊന്നു.


മേയ് 8 : ഫര്‍സ്ഗഡില്‍ ഒരു പോലീസ് സിപ്പായി ബലിറാം ഘോട്ടായിയെ മാവോയ്സ്റ്റുകള്‍ കൊന്നു.

മേയ് 7 : ഫര്‍സ്ഗാവിലെ ഹാട്ട് ബജാറില്‍ മലക്കറി വാങ്ങിക്കൊണ്ടിരുന്ന ഠൌണ്‍ ഇന്‍സ്പെക്റ്റര്‍ അബ്ദുള്‍ വാഹിദ് ഖാനെ കുത്തികൊലപ്പെടുത്തി.

മേയ് 6 - ആസിര്‍ഗുഡയില്‍ വിസ്ഫോടനം. 2 പോലീസ് കോണ്‍സ്റ്റബ്ബിള്‍സ്, 5 സ്പെഷ്യല്‍ പോലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ 11 പേര്‍ പൊട്ടിച്ചിതറി മരിച്ചു വീണു.

- മര്‍ദാപ്പാലില്‍ ഒരു ചൌക്കീദാരെ കൊന്നു.

മേയ് 5: - ആങ്ദ്ധീ ഗ്രാമത്തില്‍ ലോക്കല്‍ ബീ ജേ പീ നേതാവിലെ കൊന്നു.

- തിമാപൂറില്‍ ഒരു സ്പെഷ്യല്‍ പോലീസ് ഓഫീസറെ കൊന്നു.

- മാന്‍പൂറില്‍ ബീ ജേ പീ നേതാവ് ദര്‍ബാര്‍ സിങ് മണ്ടാവിയുടെ ഹത്യ.

മേയ് 4: പങ്ഖാജൂറിലെ ജന്‍പഥ് പഞ്ചായത്ത് ഉപാദ്ധ്യക്ഷനെ കൊന്നു.

മേയ് 2: കോറീരാസ് ഗ്രാമത്തിനടുത്ത് സീആര്‍പീഎഫിലെ 3 ജവാന്മാര്‍ക്കു ഗംഭീര പരിക്ക്.


2009 ജനുവരി മുതല്‍ ഏപ്രില്‍ വരെ 221 നക്സല്‍ ആക്രമണങ്ങള്‍ നടന്നു. 65 ജീവന്‍ നഷ്ടപ്പെട്ടു. 20 പോലീസുകാര്‍, 4 സ്പെഷ്യല്‍ പോലീസുകാര്‍, 28
സിവിലിയന്‍സ്, 13 നക്സലൈറ്റ്കള്‍.

2008ല്‍ 272 പോലീസുകാര്‍ രക്തസാക്ഷികളായി. സാധാരണക്കാരും, സ്പെഷ്യല്‍ പോലീസുകാരും, നക്സലൈറ്റ്സും ഉള്‍പ്പെടെ 600 ല്‍ പരം മരണങ്ങള്‍ വേറേ.

കുറേ കൊല്ലങ്ങളായി ഇതു തുടരുന്നു.

മാവോയിസ്റ്റ്കളുടെ ഭാഷയില്‍ പറഞ്ഞാല്‍ ജനാധിപത്യമെന്ന “ Farce", "sham", " illution" നേയും “pig sty" എന്നു വിളിയ്ക്കുന്ന നിയമ നിര്‍മ്മാണ സഭകളിലേയ്ക്കുള്ള തിരഞ്ഞെടുപ്പു നാടകത്തേയും രക്ഷിക്കാന്‍ വേണ്ടി ബലിയാടുകളായ സാധുക്കളാണ് ഇവര്‍.

“ഉന്നതവും, യഥാര്‍ത്ഥവും സത്യസന്ധവും” ആയ ജനാധിപത്യ വ്യവസ്ഥിതിയ്ക്കു വേണ്ടി യത്നിയ്ക്കുന്ന “Revolutionary People's Committee"കള്‍ക്കും "Revolutionary Peasent's Committee"കള്‍ക്കും വേണ്ടി “രണാങ്കണങ്ങളില്‍ മാവോയിസ്റ്റുകള്‍ വിടര്‍ത്തിയ ആദിവാസി രാജമല്ലിപ്പൂക്കള്‍” നൂറ്റുക്കണക്കിനു വേറേയും.


ഇരു ഭാഗത്തും മരിച്ചുവീണവരില്‍ അധികവും ആദിവാസികളും, പട്ടിണിയോടൊട്ടിനില്‍ക്കുന്ന കൃഷിക്കാരന്‍റെ മക്കളും, വയറ്റുപ്പിഴപ്പിനു വേണ്ടി ജോലിയെടുക്കുന്ന പോലീസ് സിപ്പായികളും


വെറുതേ ജനിച്ചു, വെറുതേ മരിച്ചു വീഴുന്ന ഈ പാഴ്ജന്മങ്ങള്‍ക്കു വേണ്ടി അര്‍ണാ ഗോസ്വാമിയുടെ കണ്ണുകളില്‍ നിന്നും തീപ്പൊരി പാറിയില്ല. തോളുകള്‍ ഇളക്കി അയാളെപ്പോലെയുള്ളവര്‍ ‘ ഇന്‍ഡ്യയുടെ മനസ്സറിയാന്‍‘ എസ്സ് എം എസ്സ് വോട്ടുകള്‍ ചോദിച്ചില്ല. ബര്‍ഖാ ദത്ത് ക്യാമറക്കണ്ണുകളും , ലൈറ്റുമായി അബൂജ് മാഡിലെ വനവീഥികള്‍കളില്‍ എത്തിയില്ല. ഖുശ്വന്ത് സിങും, കരന്‍ ഥാപ്പറും, പ്രഫുല്‍ ബിദ്വായിയും ഉള്‍പ്പെടുന്ന അസംഖ്യം കോളമിസ്റ്റുകള്‍ ആഴ്ച്ചക്കുറിപ്പുകള്‍ സ്പോണ്‍സര്‍ ചെയ്തില്ല. മഹാശ്വേതാ ദേവി വിലാപ സാഹിത്യമെഴുതിയില്ല. രാമചന്ദ്ര ഗുഹ ഇക്കണോമിക്സ് ആന്‍ഡ് പൊളിറ്റില്ക്കല്‍ വീക്കിലിയില്‍ ഗവേഷണ പേപ്പറിട്ടില്ല. നന്ദിനീ സുന്ദര്‍ മിണ്ടിയില്ല. സിദ്ധാര്‍ദ്ധ വരദരാജന്‍ ദ് ഹിന്ദുവില്‍ വിപ്ലവം വമിച്ചില്ല. ജസ്റ്റിസ് കൃഷ്ണയ്യര്‍, ലോവര്‍ ജുഡിഷ്യറി ഇവരുമായി ബന്ധപ്പെട്ട അണ്ടര്‍ റ്റ്രയല്‍ കേസുകളില്‍ എങ്ങനെ തീരുമാനമെടുക്കേണ്ടതെന്നറിയിച്ചു കൊണ്ടുള്ള വിധി, പ്രസ്താവന രൂപത്തില്‍ ഇറക്കിയില്ല. അരുന്ധതീ റായിയും, മേദ്ധാ പാട്ക്കറും, സന്ദീപ് പാണ്ടേയും മറ്റും വിമാനം കയറി ഛത്തീസ്ഗഡിലെത്തി ബുഡാ താലാബു മുതല്‍ ഘഡീ ചൌക്കു വരെ
പ്രതിക്ഷേധ റാലി നടത്തി ക്ഷീണിച്ചു ബിസിലറി വെള്ളം കുടിച്ചില്ല. നോബല്‍ സമ്മാന ജേതാക്കള്‍ ഇന്‍ഡ്യന്‍ പ്രധാന മന്ത്രിക്കും പ്രസിഡന്‍റിനും പ്രതിഷേധ
പെറ്റീഷനുകള്‍ അയച്ചില്ല.ആംനെസ്റ്റി ഇന്‍റര്‍ നാഷനലും മറ്റു അന്തര്‍ദേശീയ മനുഷ്യാവകാശ സംഘടനകളും ഇവരെക്കുറിച്ചു കേട്ടിട്ടേയില്ല. യൂ എസ്സിലെ
ഇന്‍ഡ്യന്‍ കൌണ്‍സലേറ്റിനു മുന്‍പിലും, യൂ ക്കേയിലെ ഇന്‍ഡ്യന്‍ എംബസ്സിയ്ക്കു മുന്നിലും, ചര്‍ച്ചു ഗേറ്റിലും, ഇന്‍ഡ്യാഗേറ്റിലും കത്തിച്ച മെഴുകു തിരികളുമായി ആരും പ്രദര്‍ശനത്തിനെത്തിയില്ല. എഡില്‍ബെറോ യൂണിവേഴ്സിറ്റിയും യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയ -ബെര്‍ക്കെലേയും ജേ എന്‍ യൂവും ഒരു സെമിനാര്‍ പോലും സംഘടിപ്പിച്ചില്ല. ആരും സ്വര്‍ണ്ണമെടലുകളും ഇന്‍റര്‍ നാഷണല്‍ അവാര്‍ഡുകളും കൊടുത്തില്ല.


ഛത്തീസ്ഗഡിന്‍റെ മണ്ണില്‍ പിടഞ്ഞു വീണ ഈ പ്രാണനു താങ്ങുവിലയിട്ട സര്‍ക്കാര്‍ കനിഞ്ഞു കൊടുക്കുന്ന കാശിനു വേണ്ടി ചെറുപ്പക്കാരികാളായ
വിധവകള്‍ കൈക്കുഞ്ഞുങ്ങളുമായി എസ്സ്പീ ഓഫീസിലും, താലൂക്കു കച്ചേരിയിലും, റ്റ്രഷറി കൌണ്ടറിനു മുന്നിലും. പിന്നെ ദയാപൂര്‍വ്വം ഇന്‍ഷ്വറന്‍സ് കമ്പനി വച്ചു നീട്ടുന്ന ചെക്കിനു വേണ്ടി മരണ സര്‍ട്ടിഫിക്കറ്റു തേടി നരകയാത്രകള്‍.


ഇവിടെ വര്‍ഗ്ഗ ബോദ്ധമില്ലാത്ത ഈ പ്രതിവിപ്ലവകാരി മറ്റൊന്നും ചെയ്യാനില്ലാതെ ഏ സീ മുറിയിലിരുന്നു ലാപ്പ്റ്റോപ്പില്‍ റ്റൈപ്പു ചെയ്തു ബ്ലോഗില്‍ പോസ്റ്റിടുന്നു.

ഇപ്പോള്‍ തോന്നുന്നത് ഏകാന്ത ശൂന്യത മാത്രം. കസ്തൂരിമാനും കല്ലോലിനിയും ഒന്നുമില്ലാത്ത മനസ്സില്‍ തന്നോടു തന്നെയുള്ള ഹീന ഭാവന; സ്വയം വെറുപ്പു.


ഇതു വായിക്കാനെത്തുന്ന ചുരുക്കം ചില ഫ്രണ്ട്സിനോടു പറയുവാന്‍ നെരൂദയുടെ പറഞ്ഞു പഴകിയ ഈ വരികള്‍ മാത്രം,

“Come and see the blood in the streets.
Come and see
the blood in the streets.
Come and see the blood
in the streets!”

Saturday, April 18, 2009

അല്ലെങ്കി വേണ്ടച്ഛാ

എന്‍റെ അച്ഛന്‍ ഒരു പേടിത്തൊണ്ടനാണ്. ഒരു കാര്യവും നേരേ ചൊവ്വേ ചെയ്യാമ്പറ്റൂല അച്ഛന്. കൊച്ചുന്നാളിലേ ഞാനിതു മനസ്സിലാക്കിയതാ.
ഒന്നിപ്പഠിക്കുമ്പഴേ അച്ഛന്‍റെ ഈ വഴുവഴുപ്പന്‍ സ്വഭാവം ഞാന്‍ അനുഭവിച്ചിട്ടുള്ളതല്ലേ. വൈദ്യമഠത്തീന്നു പിഴിച്ചിലു കഴിഞ്ഞു വരുന്നവഴി ഒരാളെന്നെ നോക്കി കണ്ണുരുട്ടി. നാക്കു നീട്ടി. വിരലു ചൂണ്ടി.

“ അച്ഛാ, അഛാ.... ഇങ്ങേരാര്? പോലീസാ? എന്നെ വെരുട്ടുണു”

അച്ഛന്‍ ഒന്നും മിണ്ടാതെ വെറുതേ ചിരിച്ചതേയുള്ളൂ. അയാളെ ഒന്നും പറഞ്ഞില്ല.

“ അച്ഛാ, ഒരു കത്തിയെടുത്ത് അയാളെ വെട്ടിയാലോ? അല്ലെങ്കി വേണ്ടച്ഛാ ഒരു കല്ലെടുത്ത് എറിയാം”

ഞാന്‍ റോഡില്‍ നിന്നൊരു കല്ലെടുത്തു.
അച്ഛന്‍ വീണ്ടും ചിരിച്ചു കൊണ്ട് പറഞ്ഞു,

“ അതു നമ്മുടെ തട്ടുകടക്കാരന്‍ കിഷനല്ലേടാ”

എനിയ്ക്കു ദേഷ്യം വന്നു. അച്ഛന്‍ അയാളെ വെരുട്ടീലെന്നു മാത്രമല്ല “ നിന്‍റെ മരുമോന്‍റെ വിസ ശരിയായോടാ കിഷാ” എന്നു ചോദിച്ചു കിന്നാരം
പറയാനും തുടങ്ങി.

പിന്നെ ഞാന്‍ പോട്ടേന്നു വച്ച് എറിയാനോങ്ങിയ കല്ലു പോക്കറ്റിലിട്ടു.


അമ്മ അനിയനെ പെറ്റു ആശൂത്രീല് കെടക്കുമ്പഴാ. മെഡിക്കല്‍ കോളേജ് ജങ്ഷനി വച്ച് ഞങ്ങടെ സൈക്കിളിനെ ഒരു കറുത്ത അമ്പാസിഡര്‍ ഓവര്‍ട്ടേക്കു ചെയ്തു ‘ശൂ’ന്നു ഒറ്റപ്പോക്ക്. സൈക്കിള്‍ ആശൂത്രീടെ സൈഡില്‍ വച്ച് അമ്മേം അനിയനേം കാണാന്‍ ഞങ്ങള്‍ പോകാമ്പോയപ്പഴാ ഞാന്‍ കണ്ടത്. ആ കറുത്ത അമ്പാസിഡര്‍ കാറ് അവിടെ നിയ്ക്കുണു. അതീന്നൊരുത്തന്‍ എറങ്ങി ജാഡയില്‍ അച്ഛനോടു പറയുവാ

“ സാറേ ആ സൈക്കിളൊന്നു മാറ്റുത്തരുമോ? റിവേഴ്സെടുക്കാനാ”
എന്ന്. എന്നിട്ടങ്ങനെ പവറിലു നിയ്ക്കയാ.

“പോടാ നിന്‍റെ പാട്ടിനു” എന്നു പറയണമെന്നുണ്ടായിരുന്നു. എന്നാ അച്ഛന്‍ കമാന്നൊരക്ഷരം മിണ്ടാതെ സൈക്കിളെടുത്ത് മാറ്റിക്കൊടുത്ത്.ആശൂത്രീടെ അഞ്ചാമത്തെ നെലേന്ന് കാറിന്‍റെ പുറത്തോട്ടിടാന്‍ ഒരു കല്ല് ഞാന്‍ എടുത്ത് പോക്കറ്റിലിട്ടു. “വച്ചിട്ടൊണ്ടെടാ നെനക്കു. അവന്‍റെ ഒരു ജാഡയും
പവറും!” എന്നു മനസ്സിപ്പറഞ്ഞു.
അച്ഛനാനെങ്കി നന്നാവണോന്നു ഒരു വിചാരോമില്ല.

“ അച്ഛാ, അഛാ, നമുക്കൊരു അമ്പാസഡര്‍ കാറ് വേടിയ്ക്കണം, കേട്ടോ. അല്ലെങ്കിവേണ്ടച്ഛാ, ഒരു റോക്കറ്റ് വേടിയക്കാം. അതിനാ ഏറ്റവും കൂടുതല്‍
സ്പീഡ്”

“ നമുക്കതൊക്കെ മേടിയ്ക്കം നീ ആദ്യം ആ കല്ലെടുത്തു കള. ആരെയും കല്ലെടുത്തെറിയാമ്പാടില്ലാന്നു ഞാന്‍ എത്ര പ്രാവശ്യം പറഞ്ഞു തന്നിട്ടുള്ളതാ”

ഒരു കല്ലു പോക്കറ്റീന്നെടുത്ത് ഞാന്‍ കളഞ്ഞു. വേറൊരെണ്ണം പോക്കറ്റിലുള്ളത് അച്ഛനറിയാതെ ഒളിപ്പിച്ചു വച്ചു.
വൃത്തിയായിട്ടു ഒരു തീരുമാനമെടുക്കാന്‍ അച്ഛനെക്കൊണ്ട് ഒരിക്കലും ഒക്കുകേല. ഞാനേ ഏഴിപ്പഠിക്കുമ്പഴാണ് എനിയ്ക്കു മനസ്സിലായത്. വെറുതേ സ്ക്കൂളിമാത്രം പഠിച്ചാപ്പോര വേറേ എന്തെങ്കിലും ഒക്കെക്കൂടെ പഠിക്കണം . സ്കൂളി പ്പോകുന്ന വഴി അച്ഛനോടു ഞാമ്പറഞ്ഞു,

“ അച്ഛാ, അഛാ ഇപ്പൊഴൊക്കെ വേറേ എന്തെങ്കിലുമൊക്കെ കൂടെ പഠിച്ചാലേ ഗുണമൊള്ളൂ. ഹിന്ദി പഠിച്ചാലോ അച്ഛാ”

“ നെനക്കതാണു നല്ലതെന്നു തോന്നിയാ പഠിച്ചോ. രാഷ്ട്രം, വിശാരദ് എന്നൊക്കെ സര്‍ട്ടിഫിക്കറ്റ് കിട്ടും”


“ അല്ലെങ്കി വേണ്ടച്ഛാ, നമുക്ക് റ്റെപ്പ് പഠിക്കാമച്ഛാ. അതിനാ ഇപ്പൊ ഡിമാന്‍റ്”

“ എന്നാ ആയിക്കോട്ടെ”

“ അല്ലെങ്കി വേണ്ടച്ഛാ, കമ്പ്യൂട്ടറ് പഠിക്കാം. അതാവുമ്പം കമ്പ്യൂട്ടര്‍ ഫോട്ടോഗ്രാഫീം ചെയ്യാമ്പറ്റും”

അച്ഛന്‍ ഒന്നും മിണ്ടീല്ല. അച്ഛന് ഒരു തീരുമാനോം എടുക്കാനുള്ള കഴിവില്ല.

അച്ഛന്‍ പഠിപ്പിക്കുന്ന സ്കൂളിത്തന്നെയാ ഞാനും അനിയനും പഠിച്ചിരുന്നത്. അവന്‍ അവന്‍റെ കൂട്ടുകാരോടെ സ്കൂളിപ്പോം. അച്ഛനെ ഒറ്റയ്ക്കു വിട്ടാല്‍
ശരിയാവൂല്ല. അതുകൊണ്ട് ഞാന്‍ അച്ഛന്‍റെ കൂടേ സ്കൂളിപ്പോവൂ.

“ നെനക്ക് അവനെപ്പോലെ നെന്‍റെ കൂട്ടുകാരുടെ കൂടെ സ്കൂളിപ്പൊയ്ക്കൂടേ”

എന്നിട്ടു വേണം നാട്ടുകാരുടെ വായിലിരിയ്ക്കുന്നതൊക്കെ കേട്ട് അച്ഛന്
മാനംകെട്ട് വളവളാന്നു നടക്കാന്‍. എന്‍റെ പോക്കറ്റില്‍ കല്ലുണ്ടെന്ന കാര്യം എല്ലാവര്‍ക്കും അറിയാം. അതുകൊണ്ട് ഞാങ്കൂടെ ഉണ്ടെങ്കില്‍ അച്ഛനെ ആരും ഒന്നും പറയില്ല.


സ്കൂളിലെ ജാനമ്മ സാറാണ് എന്നെ വെറുതേ എപ്പഴും തോല്‍പ്പിയ്ക്കുന്നത്. അവര്‍ക്ക് എന്നെ കണ്ണു കീറിയാല്‍ കണ്ടൂട. അവര് ഒറ്റ ഒരുത്തി കാരണമാണ് അനിയന്‍ എന്നെക്കാളും വലിയ ക്ലാസ്സിലായത്. ജാനമ്മ സാറിന്‍റെ ചെരിപ്പെടുത്ത് ഞാന്‍ ആണുങ്ങടെ മൂത്രപ്പെരയില്‍ കൊണ്ടിട്ടു. ഞാനാണെന്നറിഞ്ഞപ്പോള്‍, “ അവനിതിനൊക്കെയുള്ള കുരുട്ട് ബുദ്ധിയൊണ്ട്” എന്നും പറഞ്ഞ് എന്‍റെ ചെവിയില്‍ തിരുമി.. വേദനിച്ചപ്പോള്‍ എനിക്കു ദേഷ്യം വന്നു. ജാനമ്മ സാറിന്‍റെ മോള്‍ ആ ഗുണ്ടുമണി ശ്രീലത ആട്ടോ റിക്ഷയിടിച്ചു ചത്തുപോട്ടേന്ന് ഞാന്‍ എല്ലാരും കേള്‍ക്കെ പ്രാകി. അതുകേട്ട് കരഞ്ഞും കൊണ്ട് ജാനമ്മ സാര്‍ വീണ്ടും വീണ്ടും ദേഷ്യപ്പെട്ട് എന്നെ തല്ലി. ഞാന്‍ പോക്കറ്റീന്നു കല്ലെടുത്ത് ജാനമ്മ സാറിനെ ഇടിയ്ക്കും എന്നു പറഞ്ഞു. അതവരുടെ മനസ്സിക്കെടപ്പൊണ്ട്. അതിന്‍റെ ചൊരുക്കു തീര്‍ക്കാനാണ് എന്നെ വീണ്ടു വീണ്ടും തോല്‍പ്പിച്ചത്.


അച്ഛന് ഒരു വിവരവും ഇല്ല. ഇത്രയും വലുതായിട്ടും എനിയ്ക്കു വള്ളി നിക്കറാണു വാങ്ങിച്ചു തരുന്നത്.

“ അച്ഛാ, അഛാ.. അനിയനെപ്പോലെ ഞാന്‍ പാന്‍റ് ഇട്ടോട്ടെ?”

“ ശരി നമുക്കു പാന്‍റ് മേടിയ്ക്കാം”

“ അല്ലെങ്കി വേണ്ടച്ഛാ, മുണ്ട് മതി. മുണ്ടാവുമ്പം മഴയത്ത് മടക്കിക്കുത്താം”

എന്തായാലും അടുത്ത ഓണത്തിനു, തോളില് വള്ളിയുള്ള പാന്‍റ് അച്ഛന്‍ വേടിച്ചു തന്നു.

അച്ഛനു മുന്നും പിന്നും നോക്കുന്ന ശീലമേയില്ല. എന്‍റെ ഭാവിയെക്കുറിച്ചു ഒരു ശ്രദ്ധയും ഇല്ല. എന്‍റെ ആഗ്രഹം അച്ഛനോടു ഒരിക്കല്‍ പറഞ്ഞു,

“ അച്ഛാ, അഛാ ഞാന്‍ അനിയനെപ്പോലെ ഒരു കളക്ടരായാലോ അച്ഛാ?”

“ അവനെപ്പോലെ നന്നായി പഠിച്ചാല്‍ നെനക്കും കളക്ടറാവാം”

“ അല്ലെങ്കി വേണ്ടച്ഛാ, ഡാക്ക്ടരാവാം. അതാവുമ്പം നല്ല വെള്ള കോട്ടൊക്കെ ഇടാം.”

പഠിക്കമ്പറ്റീല്ല. അവസാനം അച്ഛന്‍റെ സ്കൂളിത്തന്നെ ജോലിയും കിട്ടി. ഒരു പണിയും ഇല്ലാത്ത ജോലിയാ. പീരീഡ് കഴിയുമ്പം മണി അടിയ്ക്കണം. അത്രേ ഉള്ളൂ. പിന്നെ ചായ വങ്ങിക്കൊടുക്കാനൊന്നും ഞാമ്പോവൂല്ല..


ജാനമ്മ സാറിന്‍റെ മോള്‍ ശ്രീലതയെ അനിയന്‍ കെട്ടി. എന്നാ, മൂത്തവന്‍ കെട്ടാതെയിരിക്കുന്നെന്ന വല്ല വിചാരവും അച്ഛനുണ്ടായിരുന്നോ? ആ ശ്രീലതയെ എനിക്കു കെട്ടിച്ചു തന്നൂടായിരുന്നൊ? അനിയനെ പെറ്റപ്പഴേ അമ്മ ചത്തുപോയി. അമ്മയുണ്ടായിരുന്നെങ്കി ശ്രീലതയെ എനിയ്ക്കു തന്നെ കിട്ടിയേനേ. ഇതാ ഞാന്‍ ആദ്യമേ പറഞ്ഞത് അച്ഛനു ഒരു ഉത്തരവാദിത്തവുമില്ലെന്ന്.


അനിയന്‍ കളക്ടറായിരിക്കുന്ന പത്രാസ്സൊക്കെ ഒന്നു പോയി കാണണ്ടേ? അച്ഛനു ങേ ഹേ , ആ വിചാരമേയില്ല.

“ അച്ഛാ, അഛാ, നമുക്കു അനിയന്‍റെ വീടുവരെ ഒന്നു പോയിട്ട് വന്നാലോ?”

“ അതിനെന്താ , നമുക്കു പോവാം”

അനിയന്‍റവിടെ പോകാനായി ബസ്റ്റാന്‍റി നിന്നപ്പോഴാണ് തോന്നിയത് ഈ അച്ഛനു ഒരു വീണ്ടു വിചാരോം ഇല്ലെന്ന്.

“ അല്ലെങ്കി വേണ്ടച്ഛാ, നമുക്ക് പോണ്ട. ഞാമ്പോണത് ശ്രീലതയ്ക്കു കുറച്ചിലായാലോ?”